ഭാഷാനൈപുണികൾ
ആമുഖം
ഭാഷ പഠിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ ആ ഭാഷയിൽ ആശയവിനിമയത്തിന് പ്രാപ്തരാക്കുക എന്നതാണ്. ഇതിനായി കുട്ടികൾ ഭാഷാനൈപുണികൾ കൈവശമാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഭാഷാ നൈപുണികൾ കൈവശമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ പറ്റുന്ന വിധത്തിലുള്ളവയായിരിക്കണം ഭാഷാപഠനക്ലാസുകൾ. പ്രധാനമായും ഭാഷയിൽ ചതുർ നൈപുണികൾ ആണുള്ളത്. ശ്രദ്ധ,ഭാഷണം, വായന,എഴുത്ത് ഈ നാല് നൈപുണികളെ വീണ്ടും സ്വീകരണ നൈപുണികൾ എന്നും ഉൽപ്പാദന നൈപുണികളെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ശ്രദ്ധയും വായനയും സ്വീകരണ നൈപുണികളും ഭാഷണവും എഴുത്തും ഉൽപാദന നൈപുണികളാണ്. ഈ നൈപുണികളെന്താണെന്നും ഇവയെ എങ്ങനെ കൈവശമാക്കാമെന്നും സ്വീകരണനൈപുണികളായ ശ്രവണവും വായനയും ഉൽപാദന നൈപുണികളായ എഴുത്തും ഭാഷണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും താഴെയുള്ള ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നു
ഭാഷാനൈപുണികൾ
ശ്രദ്ധ
ഭാഷാനൈപുണികളിൽ ആദ്യത്തേതും പ്രധാനപ്പെട്ടതുമാണ് ശ്രദ്ധ. ഈ നൈപുണിയുടെ വികസനത്തിലൂടെ മാത്രമേ മറ്റ് നൈപുണികൾ വികസിക്കുകയുള്ളു. അതുകൊണ്ട് ശ്രദ്ധാനൈപുണിക്ക് വളരെയധികം പ്രാധാന്യമുണ്ട്. കേൾവിയാണ് ഭാഷാഭ്യാസത്തിന് ആധാരം ശബ്ദാവതരണ രീതി എന്നൊരു രീതി തന്നെ ഭാഷാഭ്യാസനത്തിൽ നിലവിലുണ്ട്. വസ്തു
പിന്നെ ലീഖിത രൂപവും കേൾക്കുന്നതോടൊപ്പം വസ്തുവിന്റെ രൂപവും മനസ്സിൽ പതിയണം. ഈ പ്രവർത്തനത്തിന്റെ ആവർത്തനത്തിലൂടെ വസ്തുവും ശബ്ദവും തമ്മിലുള്ള ബന്ധം കുട്ടി മനസ്സിലാക്കുന്നു.
ശിശുവിന്റെ ആദ്യേന്ദ്രിയങ്ങളിൽ ഒന്നാണ് ശ്രവണേന്ദ്രിയം. ജനിക്കുമ്പോൾ തന്നെ ശ്രവണേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമങ്ങളായിരിക്കും. അതുകൊണ്ട് ജനനസമയം മുതൽ തന്നെ ശിശു വിവരശേഖരണത്തിന് വ്യഗ്രത കാട്ടുന്നു. മുതിർന്നവർ എന്തെങ്കിലും ശ്രവിച്ചാൽ അതുമായി ബന്ധപ്പെട്ട പൂർവാജിതാനുഭവങ്ങൾ മനസ്സിലുണരും. ശിശുക്കൾക്ക് പൂർവാർജിതാനുഭവങ്ങൾ ഇല്ലാത്തതിനാൽ അവരുടെ ശ്രവണം അപക്വമായിരിക്കും. ശിശുവിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ശ്രവണേന്ദ്രിയവും ശ്രവണശേഷിയും വികസിക്കുന്നു. ക്രമേണ ശ്രവണം വഴി ലഭിച്ച വിവരങ്ങൾക്ക് അനുസരിച്ച് ശിശു പ്രതികരിക്കാൻ തുടങ്ങുന്നു. സംസാരിക്കുന്ന വ്യക്തിയോടുള്ള മര്യാദയോട് കൂടിയ പെരുമാറ്റമാണ് ശ്രവണം എന്ന ആശയത്തിനുള്ളത്. ശ്രവണ കാര്യത്തിൽ കുട്ടികൾക്ക് നിർദ്ദേശം കൊടുക്കുന്നതിനോടൊപ്പം അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യണം രക്ഷിതാക്കൾ. കുട്ടികൾ പറയുന്നത് ശ്രദ്ധിക്കുന്ന രക്ഷകർത്താക്കൾ ശ്രവണ സ്വഭാവങ്ങൾ ഉണ്ടാക്കുന്നതിൽ ഏറ്റവും നല്ല അധ്യാപകരായി മാറുന്നു. ശ്രവണ നൈപുണി വികസിക്കുന്നതിൽ കുടുംബാന്തരീക്ഷത്തിന് പങ്കുണ്ട്. താണ സാമൂഹ്യസാമ്പത്തിക നിലവാരമുള്ള ഭവനങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സാധാരണയായി വളരെ കുറഞ്ഞ അളവിൽ മാത്രമേ ശ്രവണ നൈപുണികൾ വികസിക്കാറുള്ളൂ.
ശ്രദ്ധ,ശ്രവണം ഇവ ഒരേ സാങ്കേതികാർത്ഥത്തിൽ നാം പ്രയോഗിക്കാറുണ്ടെങ്കിലും അവ അർത്ഥവ്യത്യാസമുള്ളവയാണ്. രണ്ടും വ്യത്യസ്ത കഴിവുകളുമാണ്. ശബ്ദതരംഗങ്ങളുടെ ശ്രവണേന്ദ്രിയങ്ങളിൽ കൂടിയുള്ള ഭൗതിക സ്വീകരണമാണ് ശ്രവണം. ശ്രവണേന്ദ്രിയത്തിന് തകരാറ് സംഭവിച്ചവർക്കൊഴികെ എല്ലാവർക്കും ശ്രവിക്കാം. ഭൗതികമായി ശ്രമിച്ചതിന് നേർക്കുള്ള മാനസിക പ്രതികരണമാണ് ശ്രദ്ധ. ബധിരൻ ശ്രവിക്കുന്നില്ല പക്ഷേ നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. ശ്രവണവും ശ്രദ്ധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണമായി അക്വേറിയത്തിൽ കിടക്കുന്ന മത്സ്യത്തിന്റെ ചലനങ്ങൾ ശ്രദ്ധിക്കുന്ന കുട്ടി ഒന്നും ശ്രവിക്കുന്നില്ല. അതേസമയം നിരീക്ഷിക്കുകയും ആ മത്സ്യത്തിന്റെ പെരുമാറ്റങ്ങളും ചലനങ്ങളും ശ്രദ്ധിക്കുകയും ചെയ്യുന്നു.
കുട്ടികൾ അധികസമയവും ചിലവഴിക്കുന്നത് അധ്യാപകരോടൊപ്പമാണ്. അതുകൊണ്ട് കുട്ടികളെ ശ്രദ്ധാലുക്കൾ ആക്കേണ്ടത് അധ്യാപകരുടെ കടമയാണ്. കുട്ടികളെ ശ്രദ്ധാലുക്കൾ ആക്കി മാറ്റുവാൻ അധ്യാപകനെ സഹായിക്കുന്നതിനായി ശ്രദ്ധയുടെ വിവിധ വിഭാഗങ്ങളെ ക്കുറിച്ചറിയണം. ശ്രദ്ധയെ പൊതുവേ രണ്ടുതരത്തിൽ തിരിക്കാം.
1.അവഗാഢമായ ശ്രദ്ധ - ധാരണ ശക്തിയോടുകൂടിയുള്ള ശ്രദ്ധയാണിത്. പ്രത്യേക സമയങ്ങളിലും സന്ദർഭങ്ങളിലും നടക്കുന്നു.
2.ബാഹ്യമായ ശ്രദ്ധ- നേരം പോക്കിന് വേണ്ടിയുള്ള അശ്രദ്ധമായ ശ്രദ്ധയാണിത്. ഈ ശ്രദ്ധയ്ക്ക് ശേഷം അതിലെ ഭൂരിഭാഗവും നഷ്ടപ്പെടുന്നു.
നാലു വ്യത്യസ്തതരം ശ്രദ്ധ കൾ ഉണ്ട്
നാമമാത്രമായ ശ്രദ്ധ- അധ്യാപകൻ ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ചില കുട്ടികൾ മറ്റെന്തെങ്കിലും കാര്യം ചെയ്യുകയായിരിക്കും. അധ്യാപകൻ ക്ലാസിന് പുറത്തേക്കിറങ്ങി മറ്റാരോടെങ്കിലും സംസാരിക്കുന്നു എന്ന് കരുതുക ഓരോ കുട്ടിയും ഓരോ കാര്യത്തിലായിരിക്കും ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള ശ്രദ്ധയാണ് നാമമാത്രമായ ശ്രദ്ധ.
ആസ്വാദനപരമായ ശ്രദ്ധ- അധ്യാപകൻ കഥ പറയുകയോ ഗാനാത്മകമായി കവിത ചൊല്ലുകയോ ചെയ്താൽ ക്ലാസ് മുഴുവൻ അധ്യാപകനിൽ ശ്രദ്ധിക്കും. ആസ്വാദനപരമായ ശ്രദ്ധയാണിത്.
ബോധപൂർവ്വമായ ശ്രദ്ധ - അധ്യാപകൻ നിർദ്ദേശങ്ങൾ നൽകുമ്പോഴോ കാര്യങ്ങൾ വിശദീകരിക്കുകയോ ചെയ്യുമ്പോൾ ബോധപൂർവ്വമായ ശ്രദ്ധ നടക്കുന്നതായി കാണാം.
അപഗ്രഥനപരമായ ശ്രദ്ധ- കേട്ട കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടന്ന് വിശകലനത്തിലേക്ക് പോകുന്ന ശ്രദ്ധയാണ് അപഗ്രഥനാത്മകമായ ശ്രദ്ധ.
ബോധപൂർവ്വശ്രദ്ധയും ആസ്വാദനപരമായ ശ്രദ്ധയും അപഗ്രഥന പരമായ ശ്രദ്ധയും വികസിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട്. ശ്രദ്ധശ്രവണ നൈപുണികളിൽ ഓരോ കുട്ടിയും വ്യത്യസ്തരാണ്.
കുട്ടികൾക്ക് പ്രായമേറുന്തോറും ഈ വ്യാപ്തി കൂടുതൽ വിസ്തൃതമാ കുന്നു. ശ്രവണ ശ്രദ്ധനൈപുണികൾ പരസ്പരബന്ധിതങ്ങളാണ്. നല്ല ശ്രദ്ധാലുക്കൾ ആകണമെങ്കിൽ നന്നായി ശ്ര വിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം. ബുദ്ധിമാനായ കുട്ടി നല്ല ശ്രദ്ധാലുവായിരിക്കും. ബുദ്ധിയും ശ്രദ്ധയും തമ്മിലുള്ള ബന്ധത്തിന്റെ കൃത്യമായ സ്വഭാവം നിർവചിക്കപ്പെട്ടിട്ടില്ല. എങ്കിലും പൊതുവായ ബുദ്ധിശക്തിയും ശ്രദ്ധ നൈപുണിയും തമ്മിലുള്ള വ്യക്തമായ ബന്ധം ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. ഒരു നല്ല വായനക്കാരനായ കുട്ടി മറ്റ് കുട്ടികളെ അപേക്ഷിച്ച് നല്ല ശ്രദ്ധനൈപുണി യുള്ളവനായിരിക്കും. പാരായണ നൈപുണികളും ഭാഷണനൈപുണികളും പോലെ ശ്രദ്ധ നൈപുണികളും ആർജിക്കാവുന്നതാണ്. ലിംഗ വ്യത്യാസത്തിനനുസരിച്ച് പല നൈപുണികളും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ഭാഷണപാരായണ ശ്രദ്ധനൈപുണികൾ ആൺകുട്ടികളിലും പെൺകുട്ടികളിലും വ്യത്യാസപ്പെട്ട് കാണുന്നില്ല. വ്യക്തിഗത വ്യത്യാസം ഉണ്ടെങ്കിലും ലിംഗ ഭേദമില്ലെന്നർത്ഥം.
ശ്രദ്ധ നൈപുണി വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ
1.നിലവിലുള്ളതും ലഭ്യവുമായ പരിപാടികൾ
ശ്രദ്ധനൈപുണി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടികൾ ലഭ്യമാണ്. ഇതിൽ കുട്ടികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. നൈപുണികൾ അഭ്യസിച്ചോ എന്ന് പരിശോധിക്കുവാൻ പ്രത്യേക മാർഗ്ഗങ്ങളുമുണ്ടായിരിക്കും. ചില പരിപാടികൾ റെക്കോർഡ് ചെയ്ത ടേപ്പുകളുടെ ഒരു ശ്രേണി ആയിരിക്കും. ചില പരിപാടികൾ ദൃശ്യോപകരണങ്ങളുടെ സഹായത്തോടെയാവും അവതരിപ്പിക്കുക. അധ്യായനത്തിനു മുമ്പും പിമ്പും നടത്തേണ്ട പരീക്ഷകൾ അവയിൽ ഉണ്ടായിരിക്കും. ഈ രണ്ട് പരീക്ഷകളുടെയും വ്യത്യാസത്തിൽ കുട്ടികളെ വിലയിരുത്താൻ കഴിയും.
2.അധ്യാപകർ നിർമ്മിക്കുന്ന പരിപാടികൾ
ലഭ്യമാകുന്ന പ്രസിദ്ധീകൃത പരിപാടികൾക്ക് ചില പരിമിതികൾ ഉണ്ടാകും. എല്ലാ കുട്ടികൾക്കും എല്ലാ പരിപാടികളും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. സാംസ്കാരികവും, വിദ്യാഭ്യാസപരവും തൊഴിൽപരവും, മതപരവുമായ, കാരണങ്ങളാൽ കുട്ടികളുടെ നിലവാരങ്ങളും, ആവശ്യങ്ങളും, അഭിരുചികളും, വ്യത്യസ്തമായിരിക്കും. അത് അവരുടെ ശ്രദ്ധാശേഷിയിലും പ്രതിഫലിക്കും. അപ്പോൾ ആവശ്യാനുസരണവും സന്ദർഭത്തിനനുസരിച്ച് പദ്ധതികൾ ആവിഷ്കരിക്കാൻ അധ്യാപകർക്ക് കഴിയണം.
അധ്യാപകർ തയ്യാറാക്കുന്ന പരിപാടികൾ വളരെ അയവുഉള്ളതായിരിക്കും. ഈ പരിപാടികൾ തയ്യാറാക്കുമ്പോൾ അധ്യാപകർ
ശ്രദ്ധിക്കേണ്ടതായി ചില കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി അധ്യാപകർ മാതൃകയാവണം. അധ്യാപകൻ സ്വയം ഒരു ശ്രദ്ധാലു ആയിരിക്കണം എങ്കിൽ മാത്രമേ കുട്ടികളിൽ നല്ല ശ്രദ്ധാ സ്വഭാവങ്ങൾ വളർത്തിയെടുക്കുവാൻ കഴിയൂ. അതിനായി നിരവധി ശ്രവണത്തിനുള്ള അവസരങ്ങൾ അധ്യാപകർ സൃഷ്ടിക്കണം. അധ്യാപകന്റെ വായനയും സംസാരവും മാതൃകാപരമായിരിക്കണം. അധ്യാപകൻ ഒരിക്കലും വാചാലനാകരുത്. ഭാഷണ മിതമായെങ്കിലേ സജീവ ശ്രദ്ധയാകർഷിക്കൂ ശബ്ദത്തിന്റെ വേഗത, ഊന്നൽ ഉന്നതി,യതി,ആരോഹണാവരോഹണ ക്രമം എന്നിവ അതാതിന്റെ ക്രമത്തിൽ ആയിരിക്കണം.
വായന
കാണുന്നതും കാണാത്തതുമായ അനുഭവങ്ങളുടെ പെരുമാറ്റങ്ങളുടെ സംയോജനമാണ് വായന. ഒരാശയത്തിന്റെ മൊത്തത്തിലുള്ള ആശയ ഗ്രഹണമാണ് വായനയിലൂടെ നടക്കുന്നത്. വായന ഒരേസമയം ക്രിയാത്മക നൈപുണിയും സ്വീകരണ നൈപുണിയുമാണ്. വായിക്കുമ്പോൾ നാം ആശയം സ്വീകരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വായനയുടെ അർത്ഥം സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഒരു സന്ദേശത്തെ വിശകലനം ചെയ്യുന്നതാണ് വായന അതേസമയം വിവരങ്ങൾ ഊറ്റിയെടുക്കാൻ പര്യാപ്തവുമാണ് വായന.വായന എന്നത് ഒരു ഏക നൈപുണിയല്ല. ഒരുപാട് ഉപ നൈപുണികൾ കൂടിച്ചേരുമ്പോഴാണ് വായന എന്ന ഏക നൈപുണി പൂർണമാകുന്നത്.
വായനയിൽ നാലു ഘട്ടങ്ങളുണ്ട്. ഒന്നാമതായി പദങ്ങളുടെ വിവിധ രൂപം മനസ്സിലാക്കുക, മനസ്സിലാക്കിയ ലിഖിത രൂപങ്ങളെ ശബ്ദമാക്കി മാറ്റുകയാണ് രണ്ടാമതായി ചെയ്യേണ്ടത്. മൂന്നാമതായി ഓരോ ശബ്ദവും സൂചിപ്പിക്കുന്ന ആശയങ്ങൾ പ്രത്യേകമായി മനസ്സിൽ കൊണ്ടു വരികയാണ്, പ്രത്യേകമായി മനസ്സിൽ കടന്ന് ആശയങ്ങളെ ഏതെങ്കിലും അടിസ്ഥാനത്തിൽ ഏകീകരിക്കുക ഇതാണ് നാലാമതായി ചെയ്യുക. അവസാനഘട്ടത്തോട് കൂടി വായിച്ച വാക്യത്തിന്റെ വ്യക്തമായ ആശയ ബോധം ഉണ്ടാകും. ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വായന ഒരു മാനസിക പ്രവർത്തനമാണെന്ന് പറയാമെങ്കിലും ഒരു ശാരീരിക പ്രവർത്തനം കൂടിയാണ്. വായനയെ സഹായിക്കുന്ന പ്രധാന ഘടകം കണ്ണുകളാണ്. ശാരീരികമായ ചില പ്രത്യേകതകളും വായിക്കുമ്പോൾ സംഭവിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ വായിക്കാനാവു. ഒരു വാക്കിൽ നിന്നും മറ്റൊരു വാക്കിലേക്ക് കണ്ണുകൾ അതിവേഗം നീങ്ങുന്നു. ഒരു സെക്കൻഡിന്റെ പത്തിൽ ഒന്ന് സമയം മാത്രമേ ഒരു വാക്ക് തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്നുള്ളൂ. കണ്ണുകൾ ഒരുതവണ തരണം ചെയ്യുന്ന ദൈർഘ്യത്തിന് നയന വിസ്തൃതി (eye span ) എന്നു പറയുന്നു. ഒരു വാക്കിൽ നിന്ന് അടുത്ത വാക്കിലേക്ക് നീങ്ങുന്നതിനിടയിൽ കണ്ണുകൾ ആ വാക്കുകൾ തിരിച്ചറിയാൻ അല്പം നേരം ശ്രമിക്കും. ഇതാണ് നയന കേന്ദ്രീകരണം (eye fixation ). യാദൃശ്ചിതമായി ചില വാക്കുകൾ വിട്ടു പോകാം അല്ലെങ്കിൽ വായിച്ചത് മനസ്സിലാവാതെ വരാം. അപ്പോൾ മുമ്പ് കടന്നുപോയ ഭാഗത്ത് കൂടെ കണ്ണുകൾ ഒരു തവണ കൂടി കടന്നു പോകുന്നു. ഇതിനെ അതോ ഗമനം (regression)എന്നു പറയുന്നു. നയന വിസ്രുതി ദീർഘിപ്പിച്ചും നയന കേന്ദ്രീകരണവും അതോ ഗമനവും കുറക്കുകയും ചെയ്താൽ വായനയിൽ വേഗത ലഭിക്കും.
വായനയുടെ ലക്ഷ്യങ്ങൾ
വായനയുടെ ലക്ഷ്യങ്ങൾ ഇവയാണ്
1. ആശയഗ്രഹണം
2. പഠനത്തിൽ താല്പര്യമുണ്ടാക്കുക
3. വിജ്ഞാന സമ്പാദനം
4. ചിന്തയുടെ വികാസം
5. സാംസ്കാരിക പുരോഗതി
6. സാഹിത്യാസ്വാദനം
7. ഭാഷാഭിവൃത്തി
8. ഉത്തമ കൃതികളുടെ തിരഞ്ഞെടുപ്പ്
ശ്രാവ്യ വായന
വായനാ പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ ശ്രാവ്യ വായനയാണ് അത്യാവശ്യം. സ്വയം ആശയ ഗ്രഹണം നടക്കുകയും ആശയം മറ്റുള്ളവരെ ഗ്രഹിപ്പിക്കുകയും ചെയ്യുന്നതാണ് ശ്രവ്യ വായന. ഓരോ അക്ഷരവും ഉച്ചരിച്ചു വായിച്ച് പോവുകയാണ് ഈ രീതിയിലെ വായനയിൽ നടക്കുന്നത്. ഇത് മൂലം ഉച്ചാര ണാ വയവങ്ങൾക്ക് ശരിയായ പരിശീലനം ലഭിക്കുകയും മാംസപേശികളുടെ ചലനത്തിന് സഹായ മാ വുകയും ചെയ്യും. അതുകൊണ്ടാണ് വായനാ പരിശീലനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഇതിന് പ്രഥമ സ്ഥാനമുള്ളത്. അക്ഷരങ്ങളെ ശബ്ദങ്ങൾ ആക്കി മാറ്റുകയും അവയുടെ ബന്ധം മനസ്സിലാക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് ശ്രവ്യ വായന. ഇതിൽ പരിശീലനത്തോടൊപ്പം പരിശോധനയും നടക്കുന്നു. വ്യക്തിപരമായി ശ്രദ്ധിക്കാൻ കഴിയുന്നതുകൊണ്ട് തെറ്റുകൾ തിരുത്തി കൂടുതൽ ഫലപ്രദമാക്കാനും കഴിയും. നല്ല വായന കേട്ടാൽ തന്നെ വായനക്കാരന്റെ സാമർത്ഥ്യം മനസ്സിലാക്കാം. വായനയിൽ സ്ഫുടതയുണ്ടാവും ഉച്ചാരണത്തിന് സന്ദർഭാനുസരണം ഉള്ള ഉയർച്ച താഴ്ചകൾ കാണും. ചേർന്ന് നിൽക്കുന്നവ വിടവില്ലാതെ ഉച്ചരിക്കാനും,വാക്കുകൾക്കിടയ്ക്ക് നിറു ത്തലും, ചിഹ്നങ്ങൾ വരുമ്പോൾ അതിനനുസരിച്ചുള്ള വായനയുമുണ്ടാകും. വായിക്കുന്ന ഭാഗത്തിന്റെ അർത്ഥം വായിക്കുന്നയാൾക്ക് കൂടി മനസ്സിലാകുന്നുണ്ടെന്ന് ശ്രോതാവിന് മനസ്സിലാകണം. വേണ്ടത്ര ശബ്ദ നിയന്ത്രണം ഇല്ലാതെയും മുക്കിയും മൂളിയും അക്ഷരങ്ങളെ സ്ഥാനം മാറ്റി ഉച്ചരിച്ചുമുള്ള വായന പരാജയമാണ്.
കാഴ്ചയുടെയും ശബ്ദത്തിന്റെയും സഹകരണമാണ് ശ്രവ്യ വായനയുടെ അടിസ്ഥാനം. എഴുതിയിരിക്കുന്ന ഓരോ വാക്കിലും കണ്ണ് പതിയുകയാണ് ആദ്യം
ചെയ്യുന്നത്. പിന്നീട് അർത്ഥഗ്രഹണം നടക്കുന്നു. അതിനുശേഷം ശബ്ദങ്ങളുടെ പ്രതിരൂപങ്ങളായ അക്ഷരങ്ങൾക്ക് ശബ്ദം കൊടുക്കുന്നു. ഇങ്ങനെ കൊടുക്കുന്ന ശബ്ദത്തിന്റെ വേഗത അനുസരിച്ചാണ് വായനയുടെ വേഗത കണക്കാക്കുന്നത്. ഈ കാര്യങ്ങളെല്ലാം അനുസരിച്ചു കൊണ്ടാവണം അധ്യാപകൻ മാതൃകാ വായന നടത്തേണ്ടത്. ശ്രവ്യ വായന എന്നത് വെറും ശബ്ദം പുറപ്പെടുവിക്കലാകാതിരിക്കാനും വായിക്കുന്ന ആൾക്ക് അർത്ഥഗ്രഹണം നടക്കാനും ശ്രദ്ധിക്കണം. അല്ലാതെ വായനക്കാരൻ ശബ്ദോല്പാദനത്തിൽ മാത്രം ശ്രദ്ധിക്കരുത്.
മൗന വായന
പ്രായോഗിക ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രയോജനം മൗന വായനയ്ക്കാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വായിക്കാനും ആശയങ്ങൾ വ്യക്തമായി ഗ്രഹിക്കാനും മൗനവായനയിലൂടെ കഴിയും. ശാരീരിക ക്ഷീണം അനുഭവപ്പെടാതെ കൂടുതൽ വായിക്കാൻ കഴിയുന്നു എന്നത് മൗനവായനയുടെ ഒരു നേട്ടമാണ്. ശ്രാവ്യവായനയിൽ ശരിയായി പരിശീലനം നേടിയതിനു ശേഷമേ മൗന വായനയിലേക്ക് കടക്കാൻ പാടുള്ളൂ.
മൗന വായന ഒരു മാനസിക പ്രവർത്തനമാണ്. പ്രായോഗിക ജീവിതത്തിൽ മൗന വായനയ്ക്കാണ് പ്രഥമസ്ഥാനം. വിജ്ഞാനത്തിനും വിനോദത്തിനും ഏറ്റവും അനുയോജ്യം മൗന വായനയാണ്. മറ്റു വായനകളെക്കാളേറെ മാനസിക സംതൃപ്തി നൽകാൻ കഴിയുന്നത് മൗന വായനയ്ക്കാണ്. സമയ നഷ്ടവും ശക്തി നഷ്ടവും ഇല്ലാതെ ഇഷ്ടമുള്ള ഭാഗങ്ങൾ തിരഞ്ഞെടുത്ത് ഏകാഗ്രതയോടെ വേഗത്തിൽ വായിക്കാൻ കഴിയുന്നത് മൗന വായനയിലൂടെ മാത്രമാണ്. ആശയങ്ങളുടെ അവധാരണത്തിന് ഏറ്റവും അനുയോജ്യം മൗന വായന തന്നെയാണ്.
മൗനം വായനയിൽ കണ്ടുവരുന്ന ന്യൂനതയാണ് ചുണ്ടുകളുടെ ചലനവും മർമ്മര ശബ്ദവും. മൗന വായനയിൽ ചുണ്ടുകളുടെ ചലനം അല്ല കണ്ണുകളുടെ ചലനമാണ് വേണ്ട എന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. ചുണ്ടുകളുടെ മർമ്മരം ഉണ്ടാകുന്നത് കൊണ്ട് വായനയിൽ വേഗത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കുട്ടികളെ മനസ്സിലാക്കി ക്കണം. ചെറിയ ക്ലാസുകളിൽ ബ്ലാക്ക് ബോർഡിൽ എഴുതിയത് ഫ്ലാഷ് കാർഡിൽ എഴുതിയതോ വായിച്ച് മൗന വായന തുടങ്ങണം. പ്രധാന പാഠപുസ്തകത്തിന്റെ പഠന സമയത്ത് തന്നെ മൗന വായനയ്ക്ക് അവസരം നൽകണം. ഉപപാഠപുസ്തകത്തിന്റെ പഠനവേളയിലും മൗനമായന അനുയോജ്യമാണ്.
മൗന വായന പാഠപുസ്തകങ്ങളിൽ തുടങ്ങി ഉപകാര പുസ്തകങ്ങളിൽ കൂടി പരിപോഷിപ്പിച്ച് പരന്ന വായനയുടെ ലോകത്തേക്ക് കുട്ടിയെ നയിക്കാം
തീവ്രമായ വായന
കേന്ദ്ര ആശയം കണ്ടെത്തുന്നതിന് മുഴുവൻ അർത്ഥഗ്രഹണം നടത്തുന്നതിലോ ഓരോ വാചകങ്ങളുടെയും അർത്ഥം പ്രത്യേകമായി മനസ്സിലാക്കുന്നതിനും ആശയത്തിന്റെ ക്രമം മനസ്സിലാക്കുന്നതിനും വിവരങ്ങളെ വിശകലനം ചെയ്യുന്നതിന്നോ ഉതകുന്ന തരത്തിലുള്ള വായനയാണ് തീവ്രമായ വായന. വായിക്കുന്നത് എന്തും നന്നായി മനസ്സിലാക്കുകയും പദാവലി വികസനം നടക്കുകയും ചെയ്യുന്നു എന്നത് തീവ്രവായനയുടെ പ്രത്യേകതയാണ്.
വിശാലമായ വായന
ഓരോ വാക്കും മനസ്സിലാകാതെ വായിക്കുന്നത് എന്തോ അതിന്റെ മൊത്തത്തിലുള്ള ആശയം മനസ്സിലാക്കുന്ന തരത്തിലുള്ള വായനയാണ് വിശാലമായ വായന. തീവ്രവായനയിലേക്ക് കടക്കുന്നതിനുള്ള ഒരു പടിയായി വിശാലവായനയെ കാണാം. വലിയൊരു ആശയത്തെ വളരെ വേഗം ഉൾക്കൊള്ളണമെങ്കിൽ അവിടെ വിശാല വായനയാണ് ആവശ്യം.
ഭാഷാ പഠനത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വായന. മറ്റ് അറിവുകൾ കണ്ടെത്തുന്നതിനും അറിവിനെ വികസിപ്പിക്കുന്നതിനും വായന സഹായകമാകുന്നു.
ഭാഷണം
ഭാഷയുടെ സ്വാഭാവിക രൂപം വായ്മൊഴി ആയതുകൊണ്ട് തന്നെ ഭാഷാഭ്യാസത്തിൽ ഭാഷണ ശിക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഭാഷാ ധ്യാപനത്തിന്റെ പ്രാഥമിക ലക്ഷ്യം ആശയസ്വീ കരണവും ആശയപ്രകടനവും ആണ്. സ്കൂളിൽ എത്തുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് ഈ രണ്ട് ഭാഷ സ്വാധീനവുമു ണ്ടാകുന്നുണ്ട്. അതുകൊണ്ടാവണം വിദ്യാലയത്തിൽ ഭാഷാഭ്യാസനത്തിന് പ്രാധാന്യം കുറഞ്ഞു കാണുന്നത്. ഭാഷ ഉണ്ടാക്കി ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷമേ ലിപി വ്യവസ്ഥ ഉണ്ടാകുന്നുള്ളൂ. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ ഭാഷാശാസ്ത്രജ്ഞൻമാർ ഭാഷണ ഭാഷയാണ് യഥാർത്ഥ ഭാഷയായി അംഗീകരിക്കുന്നത്. ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആശയ പ്രകാശന ഉപാധിയാണ് വായ് മൊഴി. കുട്ടികൾ ആദ്യമേ പഠിക്കുന്നതും അറിവുകളും അനുഭവങ്ങളും നേടുന്നതും വായ് മൊഴിയിലൂടെയാണ്. ഭാഷാ ധ്യയനത്തിന് ലക്ഷ്യങ്ങൾ വേറെയുണ്ടെങ്കിലും നല്ലൊരു ഭാഷണ ഭാഷ ആർജിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ആദ്യകാല വിദ്യാഭ്യാസം നടന്നിരുന്നതും ഭാഷണ രൂപത്തിലായിരുന്നു. ( ഗുരുകുല വിദ്യാഭ്യാസം), നാടൻ ചൊല്ലുകളും, പാട്ടുകളും, മന്ത്രങ്ങളും മറ്റും കൈമാറി വന്നതും ഭാഷണത്തിലൂടെയാ യിരുന്നു.
ആധുനിക വിദ്യാഭ്യാസം പ്രചരിച്ചതോടെ ഭാഷാഭ്യാസനത്തിന് പ്രാധാന്യം കുറയുകയും വരമൊഴിക്ക് പ്രാധാന്യം കൂടുകയും ചെയ്തു. അച്ചടിയുടെ പ്രാധാന്യം ആ മാറ്റത്തെ കൂടുതൽ ശക്തിപ്പെടുത്തി. പഠന സമ്പ്രദായത്തിലും പരീക്ഷ നടത്തിപ്പിലും ഭാഷണത്തിന് പ്രാധാന്യമില്ലാതായി. ചെറിയ ക്ലാസുകളിൽ നാം ഭാഷണവുമായി ബന്ധപ്പെടുത്തി പരീക്ഷകൾ നടത്താറുണ്ട്. അതിനുശേഷം കുട്ടികൾ ഇത്തരത്തിൽ ഒരു പരീക്ഷ നേരിടുന്നത് ബിരുദ പഠനത്തിനോ, ബിരുദാനന്തര പഠനത്തിനോ, പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തോ മാത്രമാണ്. മാനസിക വികസനത്തിനുള്ള മുഖ്യ ഘടകങ്ങളിൽ ഒന്നാണ് ഭാഷണ വികസനം. കുട്ടികളിൽ ഒഴുക്കുള്ള ഭാഷണ ഭാഷ വികസിപ്പിച്ചെടുക്കാൻ ആണ് അധ്യാപകർ ശ്രദ്ധിക്കേണ്ടത്. ഭാഷണ ശിക്ഷണം നൽകുമ്പോൾ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നാമതായി നല്ല മാതൃകകൾ അനുകരിക്കാൻ പരിശീലിപ്പിക്കുക. അധ്യാപകന്റെ ഭാഷ മാതൃകാപരമായിരിക്കണം. ഉച്ചാരണം സ്പഷ്ടവും ശുദ്ധവും ആയിരിക്കണം. അർത്ഥവ്യക്തതയോടെ സംസാരിക്കണം. സംഭാഷണം സ്വാഭാവികമാ യിരിക്കണം. രണ്ടാമതായി കുട്ടികൾക്ക് സംഭാഷണം ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക. ഓരോ കുട്ടിയോടും സംസാരിക്കാനവസരം കണ്ടെത്തുക. അവരോട് താല്പര്യം ഉള്ള വിഷയങ്ങളെക്കുറിച്ച് ചോദിക്കുക. ഭാഷണ വികസനം നേടണമെങ്കിൽ ഒരു കുട്ടി നാലു കാര്യങ്ങളിൽ പ്രാവീണ്യം നേടിയിരിക്കണം.
1. മറ്റുള്ളവരുടെ സംഭാഷണം അനുകരിക്കാനോ, ശ്രദ്ധിക്കാനോ ഉള്ള കഴിവ്.
2. ശബ്ദാവലി നിർമ്മാണം
3. പദങ്ങൾ ചേർത്ത് വാക്യങ്ങൾ ഉണ്ടാക്കാനുള്ള കഴിവ്
4. ഉച്ചാരണം
ഒന്നര വയസ്സാകുമ്പോഴേക്കും കുട്ടികൾ ഒറ്റപ്പദങ്ങൾ ഉപയോഗിച്ച് സംസാരിക്കാൻ തുടങ്ങുന്നു. രണ്ടു വയസ്സാകുമ്പോഴേക്കും ഒന്നിലധികം പദങ്ങൾ ചേർത്തു സംസാരിക്കുന്നു. നാലു വയസ്സാകുമ്പോൾ ചെറിയ വാക്യങ്ങൾ പൂർണമായി പ്രയോഗിക്കാൻ പ്രാപ്തരാകുന്നു. ബോധപൂർവ്വമായ ശിക്ഷണത്തിന്റെ പരിണിതഫലമാണ് ഇതെന്ന് പറയാൻ കഴിയില്ല. ഇരിക്കാനും നടക്കാനും പഠിക്കുന്ന പോലെ തന്നെ ഭാഷാ പഠനവും നടക്കുന്നു. പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ കുട്ടികളിൽ ഭാഷണ വികസനം നടക്കുന്നത് രണ്ട് ഘട്ടങ്ങളിലൂടെയാണ്
1.ആത്മനിഷ്ഠഘട്ടവും 2. സാമൂഹികാധിഷ്ഠിതഘട്ടവും
ആത്മനിഷ്ഠഘട്ടം
ഒരു ശ്രോതാവിന്റെ വീക്ഷണത്തിനോ താല്പര്യത്തിനോ അനുസരിച്ച് സംസാരിക്കാതെ ആന്തരികചോദനയിൽ കുട്ടി സംസാരിക്കുന്നതാണ് ഈ ഘട്ടത്തിൽ ഇത്തരത്തിലുള്ള ഭാഷണം മൂന്ന് വിധത്തിൽ ആകാം അവ താഴെ കൊടുക്കുന്നു.
ആവർത്തനം
വാക്കുകളോ വാക്കുകളുടെ ഭാഗങ്ങളോ ആവർത്തിച്ചുച്ചരിച്ചു കൊണ്ടുള്ള നിരർത്ഥക സംഭാഷണമാണിത്. സംസാരം കൊണ്ടുള്ള ഇന്ദ്രിയ സുഖം മാത്രമാണ് ഇവിടെ കുട്ടിയുടെ ലക്ഷ്യം.
ആത്മഭാഷണം
ആരോടൊന്നില്ലാതെ കുട്ടി ഉറക്കെ സംസാരിക്കുന്നു.
ദ്വന്ദ- ആത്മഭാഷണം
മറ്റൊരാളുടെ സാന്നിധ്യത്തിൽ അയാൾ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കാതെ കുട്ടി ഉറക്കെ സംസാരിക്കുന്നു.
2.സാമൂഹ്യാധിഷ്ഠിത ഘട്ടം
സമൂഹവുമായി അല്ലെങ്കിൽ പരിസരവുമായി ബന്ധപ്പെടുന്നതോടെയാണ് കുട്ടി ഈ ഘട്ടത്തിൽ എത്തുന്നത്. ഇത് അഞ്ച് വിധത്തിൽ സംഭവിക്കാം
അനുയോജ്യവൃത്താന്തം
കുട്ടി തന്റെ ചിന്തകൾ മറ്റുള്ളവരുടെമായി കൈമാറുന്നു.
വിമർശനം
മറ്റുള്ളവരുടെ പെരുമാറ്റത്തെയോ പ്രവർത്തിയോ സംബന്ധിച്ച് അഭിപ്രായപ്രകടനമാണിഘട്ടത്തിൽ നടക്കുക.
ആജ്ഞകൾ, അപേക്ഷകൾ, ഭീഷണികൾ
രണ്ടു കുട്ടികൾ തമ്മിൽ നടക്കുന്ന പെരുമാറ്റത്തിലുള്ള വ്യക്തമായ ഇടപെടലാണിഘട്ടത്തിൽ നടക്കുന്നത്.
ചോദ്യം
കൂടുതലും സമപ്രായക്കാരോടുള്ള ചോദ്യങ്ങൾ കളികൾക്കിടയിലോ മറ്റോ ഇത്തരം ആവശ്യപ്പെടുന്ന രീതിയിലുള്ളതാണ് ചോദ്യങ്ങൾ.
മറുപടികൾ
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരം പറയുന്ന ഘട്ടമാണിത്
ഈ പറഞ്ഞ ഓരോ ഘട്ടവും തരണം ചെയ്യുന്നതിനും ഓരോ കുട്ടിക്കും വ്യത്യസ്തമായ സമയപരിധി ആവശ്യമായി വരുന്നു. ഭാഷാപരമായി മുന്നിട്ടു നിൽക്കുന്ന ഒരു കുട്ടി ഭാഷാ നൈപുണി കുറഞ്ഞ ഒരു കുട്ടിയെക്കാൾ വേഗതയിൽ സാമൂഹ്യാധിഷ്ഠിത ഘട്ടത്തിൽ പ്രവേശിക്കുന്നു.
ഒരു ഘട്ടത്തിൽ നിന്നും മറ്റൊരു ഘട്ടത്തിലേക്കുള്ള മാറ്റം എപ്പോഴും സ്ഥിരമല്ല. കുറച്ചു ദിവസം സാമൂഹ്യാധിഷ്ഠിത ഘട്ടത്തിൽ ആയിരുന്ന കുട്ടി ഒരു സുരക്ഷിത മാർഗമെന്ന നിലയിൽ ആത്മനിഷ്ഠഘട്ടത്തിലേക്ക് തിരിച്ചു പോകാനും സാധ്യതയുണ്ട്. വീട്ടിലും ജീവിത സാഹചര്യത്തിലു മുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമാകാം ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന സമയത്ത് വീണ്ടും
സാമൂഹ്യാധിഷ്ഠിത ഘട്ടത്തിലേക്ക് തിരിച്ചുവരും. ഈ പ്രശ്നങ്ങളെല്ലാം ദീർഘമായി നീണ്ടുപോവുകയാണെങ്കിൽ പോലും ഒരു ഇടവേളയ്ക്കുശേഷം കുട്ടി വീണ്ടും സാമൂഹ്യാധിഷ്ഠിത ഘട്ടത്തിലേക്ക് വരും.
അനുകരണം വഴി ഭാഷ പഠിക്കുന്നു എന്നതാണ് പരക്കെ അറിയപ്പെടുന്ന തത്വമെങ്കിലും കുട്ടി ഭാഷാ പഠനത്തിന് ഈ വഴി മാത്രമല്ല സ്വീകരിക്കുന്നത്. ശൈശവഘട്ടത്തിൽ കുട്ടികൾ ഏത് കാര്യത്തിലും നിർഭയരാണ്.
അത് ഭാഷ ഉത്പാദിപ്പിക്കുന്നതിലും കാണിക്കുന്നു. അതുകൊണ്ടുതന്നെ വ്യാകരണ പരമായി ശരിയല്ലെങ്കിലും ബുദ്ധിപരമായി ശരിയായ വാക്യങ്ങൾ കുട്ടി നിർമ്മിക്കുന്നു
എഴുത്ത്
ഭാഷ നൈപുണികളിൽഏറ്റവും അവസാനത്തേതും ബുദ്ധിമുട്ടേറിയതുമായ നൈപുണിയാണ് എഴുത്ത് അഥവാ ലേഖനം. പദങ്ങളെ പ്രത്യേക ക്രമത്തിൽ പരസ്പരം ബന്ധപ്പെടുത്തി ഒരു വാക്യം ഉണ്ടാക്കുന്നതിനുള്ള കഴിവാണ് എഴുത്ത്. എഴുത്ത് ഒരു ഉൽപാദന നൈപുണിയാണ്. ഇതിൽ വാക്കുകളെ മാറ്റി മറിക്കുക പുതുതായി രൂപപ്പെടുത്തുക, അതിലൂടെ ആശയവിനിമയം നടത്തുക എന്ന ഉപ നൈപുണികൾ കൂടി അടങ്ങിയിരിക്കുന്നു. എഴുത്തിന്റെ മറ്റു ഉപനൈ പുണികളാണ് താഴെ വിശദീകരിച്ചിരിക്കുന്നു.
1.ഭാഷയുടെ ലിഖിത രേഖയെ മാറ്റി മറിക്കുന്നു
ഇത് മൂന്ന് വിധത്തിലാണ് നടക്കുന്നത്.
അക്ഷരങ്ങൾക്ക് രൂപം കൊടുക്കുന്നു.
അക്ഷര വിന്യാസ വ്യവസ്ഥയെ ഉപയോഗിക്കുന്നു.
ചിഹ്നം ഉപയോഗിക്കുന്നു.
2. സ്പഷ്ടമായി വിവരങ്ങളെ ആവിഷ്കരിക്കുന്നു
3.അന്തർലീനമായ വിവരങ്ങളെ അനുമാനത്തിലൂടെയും ആലങ്കാരികമായ ഭാഷയിലൂടെയും ആവിഷ്കരിക്കുന്നു.
4.വാക്കുകളുടെയും ഉച്ചാരണത്തിന്റെയും ആശയവിനിമയ മൂല്യം ആവിഷ്കരിക്കുന്നു.
5.മൂല വാക്യത്തിലെ വിവിധ ഭാഗങ്ങൾ തമ്മിൽ ശബ്ദകോശപരമായും വ്യാകരണ പരമായുള്ള പരസ്പര ആശ്രയത്വം ആവിഷ്കരിക്കുന്നു.
6. മൂല വാക്യത്തിലെ വിവിധ ഭാഗങ്ങൾ തമ്മിൽ ശബ്ദകോശപരമായും വ്യാകരണ പരമായുള്ള പരസ്പരാശ്രയത്വം ആവിഷ്കരിക്കുന്നു.
7. മൂലവാക്യത്തിൽ നിന്ന് അപ്രസക്തമായ വിവരങ്ങളെ ഒഴിവാക്കുന്നു.
ഭാഷയിലെ മറ്റു മൂന്ന് നൈപുണികളും നേടിയതിനു ശേഷമേ എഴുത്തിലേക്ക് കടക്കാവൂ. വിരലുകളുടെ വ്യത്യസ്തമായ ചലനങ്ങൾ ഉറപ്പിക്കുകയാണ് എഴുത്തിന്റെ പ്രാഥമിക പാഠം. എഴുത്തിനെ സഹായകമാവുന്ന കൈയിലെ സൂക്ഷ്മപേ ശികളെയും സ്ഥൂല പേശികളെയും ചലിപ്പിക്കാൻ പ്രാപ്തമാക്കും വിധം തലങ്ങനേയും വിലങ്ങനേയും ഉള്ള വരകളും കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ ഒക്കെ വരയ്ക്കാനും അവസരം കൊടുക്കുകയാണ് എഴുത്തിന്റെ ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്. അതിനുശേഷം നിശ്ചിതമായ ആകൃതികളും ചിത്രങ്ങളും വരയ്ക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. അതായത് വിവിധ ആകൃതികളും ( വൃത്തം, ചതുരം,ത്രികോണം, ദീർഘചതുരം, സമചതുരം) കുട്ടികളുടെ പരിചയത്തിലുള്ള വസ്തുക്കളുടെയും
മറ്റും ചിത്രങ്ങൾ ( എളുപ്പത്തിൽ വരയ്ക്കാവുന്ന ചിത്രങ്ങൾ) വരപ്പിക്കുക. ഇത്രയുമൊക്കെ ആകുമ്പോഴേക്കും കയ്യിലെ പേശികൾ ഒരു പരിധിവരെ സ്വതന്ത്ര ചലനത്തിന് പര്യാപ്തമാകും. അക്ഷരാഭ്യാസത്തിന് മുമ്പ് വിരലുകളുടെ വ്യത്യസ്തമായ ചലനങ്ങൾ ഉറപ്പിക്കുന്നതിന് വേണ്ടി വിരലുകൾ കൊണ്ട് പരു പരുത്ത പ്രതലങ്ങളിൽ എഴുതിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ലഘുവായ അക്ഷരങ്ങൾ വേണം ആദ്യം എഴുതിക്കാൻ. ഒരക്ഷരത്തെ മറ്റു അക്ഷരമായി പരിവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള അക്ഷരങ്ങൾ ആദ്യം പഠിപ്പിക്കുന്നത് കുട്ടികൾക്ക് രസകരവും എളുപ്പവും ആയിത്തീരും. അതായത് 'റ ' പോലുള്ള അക്ഷരമാണ് ആദ്യം പഠിപ്പിക്കുന്നത് എങ്കിൽ അതിനെ പ, വ, ര, ത, ന എന്നീ അക്ഷരങ്ങളാക്കി മാറ്റാം. ഒരക്ഷരത്തിൽ തുടങ്ങി മറ്റൊരു അക്ഷരത്തിലേക്ക് കുട്ടികളെ എളുപ്പത്തിൽ എത്തിക്കാൻ കഴിയും.
അക്ഷരലേഖനത്തിനുള്ള വിവിധ രീതികൾ
കുട്ടികളിൽ അക്ഷര ബോധം വരുത്തുന്നതിനായി സ്വീകരിക്കുന്ന രീതികളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. മണലിലെഴുത്ത്
പഴുത്ത പ്രതലത്തിലാണ് ആദ്യം അക്ഷരാഭ്യാസം തുടങ്ങേണ്ടത്. മണലിൽ എഴുത്തിലൂടെ അക്ഷര രൂപം എളുപ്പം ഉറയ്ക്കുമെന്നാണ് മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. വിരലുകൾ കൊണ്ട് മണലിൽ എഴുതുമ്പോൾ ഉണ്ടാകുന്ന സ്പർശനവേദനം അക്ഷര രൂപത്തെയും, അതിനുപയോഗിച്ച കരചലനത്തെയും മനസ്സിൽ ഉറപ്പിക്കുവാൻ സഹായകമാകുമെന്നാണ് പറയുന്നത്. മോണ്ടിസോറി വിദ്യാഭ്യാസ സമ്പ്രദായത്തിലും മണൽ കടലാസിൽ അക്ഷരങ്ങൾ വെട്ടി അതിലൂടെ വിരൽ ഓടിച്ചാണ് അക്ഷരാഭ്യാസം നടത്തിയിരുന്നത്.
2. ബോർഡിലെഴുത്ത്
മണലിലെ അഭ്യസനത്തോടൊപ്പം ദൃഢമായ വസ്തുവിലും എഴുതി പഠിപ്പിക്കണം. അതിനായി ബോർഡ് ഉപയോഗിക്കാം. ദൃഢമായ വസ്തുവിൽ എഴുതുമ്പോൾ വിരലുകൾക്കും കൈകൾക്കും അധികം ശക്തി ആവശ്യമായിരുന്നു. അതുകൊണ്ട് കൈയിലെ സ്ഥൂലപേശികൾക്ക് ഒപ്പം സൂക്ഷ്മപേശികളും കൂടി ചലിപ്പിക്കാൻ ബോർഡി ലെ ഴുത്ത് സഹായിക്കുന്നു. ക്ലാസിലെ ബോർഡിൽ എഴുതി പരിശീലിക്കുവാനുള്ള അവസരം കുട്ടികൾക്ക് കൊടുക്കണം.
സ്ലേറ്റിലെഴുത്ത്
ദൃഢമായ പ്രതലത്തിൽ നിന്ന് മിനുസമായ പ്രതലത്തിൽ എഴുതാനുള്ള തുടക്കം കുറിക്കുന്നത് സ്ലേറ്റ് എഴുത്തിലൂടെയാണ് മിനുമിനുത്തതും പരുപരുത്തതും ആയ സ്ലേറ്റുകൾ ഉണ്ട്. ആദ്യം പരുത്ത പ്രതലമുള്ള സ്ലേറ്റിൽ എഴുതുന്നതാണ് ഉത്തമം. അതിനുശേഷം മിനുമിനുത്ത പ്രതലമുള്ളതിൽ എഴുതാം.വരകളും ചിത്രങ്ങളും എഴുതി പരിശീലിച്ചതിനുശേഷം മാത്രം അക്ഷരങ്ങളിലേക്ക് കടന്നാൽ മതി അക്ഷരങ്ങൾ വലിപ്പത്തിൽ എഴുതി പഠിക്കാൻ കുട്ടികളോട് ആവശ്യപ്പെടണം.
4. കടലാസിലെഴുത്ത്
സ്ലേറ്റിൽ എഴുതി പരിശീലിച്ചതിനുശേഷം മാർദ്ദവമുള്ള കടലാസിൽ എഴുതാൻ പഠിപ്പിക്കാം. കടലാസിൽ വലിപ്പത്തിൽ എഴുതി തുടങ്ങണം. കടലാസിലെഴുത്ത് ക്രമേണ കോപ്പി പുസ്തകത്തിലേക്ക് മാറ്റാം. ഇരട്ട വരയിട്ട കോപ്പി പുസ്തകത്തിലെ എഴുത്ത് അധികകാലം നീണ്ടു നിൽക്കരുത്. വേഗത്തിൽ ഭംഗിയായി എഴുതാ വാനുള്ള കഴിവാണ് ലേഖനാഭ്യാസത്തിന്റെ ലക്ഷ്യം. കോപ്പിയെടുത്ത് അധികനാൾ തുടർന്നാൽ ഈ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കാല താമസം നേരിടും. അതിനാൽ രണ്ടു വരിയിൽ കോപ്പിയെഴുത്തിന് പകരമായി പാഠപുസ്തകങ്ങൾ പകർത്തി എഴുതണം. ഇതുമൂലം കുട്ടികളുടെ കയ്യക്ഷരം നന്നാവുകയും ശബ്ദാവലി വികസിക്കുകയും ചെയ്യുന്നു. പിന്നീട് ഈ പകർത്തിയെഴുത്ത് ഒറ്റവരി പുസ്തകത്തിലേക്കും അതിനുശേഷം വരയിടാത്ത പുസ്തകത്തിലേക്കും മാറ്റണം.
എഴുത്തിലുണ്ടാക്കുന്ന വൈകല്യങ്ങൾ
എഴുത്തിൽ ഉണ്ടാക്കുന്ന വൈകല്യങ്ങൾ ഭാഷാപോഷണത്തെ സാരമായി ബാധിക്കും. എഴുതുന്ന സാഹചര്യം അക്ഷര തെറ്റുകൾക്കും എഴുത്തിലുണ്ടാകുന്ന മറ്റു വൈകല്യങ്ങൾക്കും കാരണമാകും. അതിനാൽ ആദ്യമായി ഇരുന്ന് എഴുതാനോ സൗകര്യപ്രദമായി നിന്നെഴുതാൻ ഉള്ള സാഹചര്യം ഒരുക്കണം.
സാധാരണയായി എഴുത്തിൽ കാണുന്ന വൈകല്യങ്ങളാണ് ഇനി വിശദീകരിക്കുന്നത് .
1.അവ്യക്തതയും അഭംഗിയും
അക്ഷരങ്ങൾ അവ്യക്തമായിരിക്കുകയും ഭംഗി ഇല്ലാതായിരിക്കുന്നതുമായ അവസ്ഥയാണിത്. അക്ഷരങ്ങൾ വേണ്ടത്ര വടിവ് കൊടുത്തു എഴുതാൻ ആവശ്യപ്പെടണം അതിനാൽ ബോർഡിൽ നല്ല അക്ഷര മാതൃകകൾ എഴുതി കാണിക്കണം.
2.അക്ഷരങ്ങൾക്ക് ഏകരൂപമില്ലായ്മ
അക്ഷരങ്ങൾ തുല്യ വലിപ്പത്തിൽ എഴുതാത്ത രീതിയാണിത്. അക്ഷരങ്ങൾ പല വലുപ്പത്തിൽ ആകുമ്പോൾ എഴുത്തിന് അഭംഗി ഉണ്ടാകുന്നു. ലിപികൾ തുല്യ വലിപ്പത്തിൽ എഴുതി ശീലിപ്പിക്കണം. അതിന് കോപ്പി പുസ്തകങ്ങൾ ഉപയോഗിച്ച് എഴുതി പരിശീലിപ്പിക്കണം.
3. അക്ഷരങ്ങളെ വൈകൃതമാക്കൽ
അക്ഷരങ്ങൾക്ക് അനാവശ്യമായ കുനിപ്പുകളും കൂട്ടിച്ചേർക്കലും ഒക്കെ നടത്തി വികൃതമാക്കുന്ന രീതിയാണിത്. ഇങ്ങനെ എഴുതിക്കാതെ അച്ചടി അക്ഷരത്തിന്റെ മാതൃക സ്വീ കരിക്കാൻ പ്രേരിപ്പിക്കണം.
അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും തമ്മിലുള്ള അകലം
എഴുതുമ്പോൾ അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും തമ്മിൽ ചെറിയ അകലം പാലിക്കേണ്ടതുണ്ട്.അക്ഷരങ്ങൾ തമ്മിൽ അധിക അകലം ആവശ്യമില്ലെങ്കിലും പദങ്ങളും വാക്യങ്ങളും തമ്മിലുള്ള അകലം പാലിച്ചില്ലെങ്കിൽ ആശയത്തിന് അവ്യക്തത യുണ്ടാകും
ഉപസംഹാരം
ഭാഷാ വൈദഗ്ധ്യം നേടിയെടുക്കൽ എന്നത് വൈജ്ഞാനികവും സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ ഒരു ശ്രേണിയെ സ്വാധീനിക്കുന്ന ഒരു ബഹുമുഖ പ്രക്രിയയാണ്. ഔപചാരികമായ നിർദ്ദേശം,നിമജ്ജനം എന്നിവയിലൂടെയാണെങ്കിലും, ഭാഷാ പഠനത്തിൽ കേൾക്കുന്നതിലുംസംസാരിക്കുന്നതിലുംവായിക്കുന്നതിലും എഴുതുന്നതിലുമുള്ള കഴിവുകൾ വികസിപ്പിക്കുന്നത് ഉൾപ്പെടുന്നു. ഭാഷാ വികസനത്തിൻറെ നിർണായക കാലഘട്ടങ്ങൾ, വ്യക്തിഗത പ്രചോദനം, മറ്റുള്ളവരുമായുള്ള ആശയവിനിമയം എന്നിവയെല്ലാം ഭാഷാ വൈദഗ്‌ധ്യം എങ്ങനെ നേടുകയും പരിഷ്കരിക്കുകയും ചെയ്യുന്നു എന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
Comments
Post a Comment